1880-ൽ പുതിയ നിയമം പൂർത്തിയാക്കിയെങ്കിലും 1889-ലാണ് അതു പ്രസിദ്ധീകരിച്ചത്. കുറച്ച് വർഷങ്ങൾക്ക് ശേഷം പഴയ നിയമവും പൂർത്തിയാക്കി. ഇംഗ്ലീഷ് റിവൈസ്ഡ് വേർഷന്റെ വെളിച്ചത്തിൽ, ബെഞ്ചമിൻ ബെയ്ലിയുടെ വിവർത്തനത്തിൽ വരുത്തിയ പരിഷ്ക്കാരങ്ങൾ ഉൾപ്പെടുത്തി 1889-ൽ പ്രസിദ്ധീകരിച്ച പുതിയ നിയമത്തിന്റെ ശൈലിയിലാണ് തയ്യാറാക്കി, മംഗലാപുരത്ത് അച്ചടിച്ച്, ‘സത്യവേദപുസ്തകം’ എന്ന പേരിൽ 1910-ൽ സമ്പൂർണ്ണ മലയാളപരിഭാഷ പുറത്തിറങ്ങി. മലയാള ഭാഷയുടെ അന്നുവരെയുള്ള വളർച്ചയും, വികാസവും, ആശയവ്യാപ്തിയും ഉൾക്കൊള്ളാൻ ഈ തർജ്ജമയ്ക്കു കഴിഞ്ഞു. അതിനാൽ തന്നെ അത് പെട്ടെന്ന് ജനകീയമായി. കേരള കത്തോലിക്കാ സഭയും യാക്കോബായ സഭയും ഒഴിച്ചുള്ള മിക്കവാറും എല്ലാ കേരള ക്രൈസ്തവ സഭകളും, 1910-ൽ പുറത്തിറങ്ങിയ സത്യവേദപുസ്തകം എന്ന ഈ ബൈബിൾ പരിഭാഷ ആണ് ഉപയോഗിക്കുന്നത്.
കേരള കത്തോലിക്ക സഭ 1893-മുതൽ പരിഭാഷപ്പെടുത്താനുള്ള ശ്രമങ്ങൾ ആരംഭിച്ചു. ഫാദർ മാത്യു വടക്കേലിൻറെ നേതൃത്വത്തിലുള്ള ഒരു വിവർത്തക സമിതി പഴയ നിയമം പൂർണ്ണമായി പരിഭാഷപ്പെടുത്തുകയും മൂന്നു വാല്യങ്ങളിലായി യഥാക്രമം 1930, 1934, 1939 എന്നീ വർഷങ്ങളിൽ എസ്. എച്ച്. ലീഗ് അത് പ്രസിദ്ധീകരിക്കുകയും ചെയ്തു. എന്നാൽ മാണിക്കത്തനാർ വിവർത്തനം ചെയ്തു 1935 ൽ പ്രസിദ്ധീകരിച്ച പുതിയനിയമ ഗ്രന്ഥമാണ് കേരളത്തിലെ കത്തോലിക്കാർക്കിടയിൽ കൂടുതൽ പ്രചാരം നേടിയതു. 1981–ല്‍ കേരള കത്തോലിക്കര്‍ തങ്ങളുടെ P.O.C. ബൈബിള്‍ പ്രസിദ്ധീകരിച്ചു.
1997-ല്‍ ഇന്റര്‍നാഷണല്‍ ബൈബിള്‍ സൊസൈറ്റി (ഇപ്പോൾ ബിബ്ലിക്ക) New India Bible Version എന്ന പേരില്‍ ബൈബിള്‍ മലയാളത്തില്‍ പ്രസിദ്ധീകരിച്ചു. 2000-ത്തിൽ ബൈബിൾ ലീഗ് ഇന്റർനാഷണൽ മലയാളം മലയാളം ഈസി ടു റീഡ് വേർഷൻ തർജമ പ്രസിദ്ധീകരിച്ചു. 2000-ത്തില്‍ തന്നെ 'വിശുദ്ധ സത്യവേദപുസ്തകം' എന്ന പേരില്‍ ഡോ. മാത്യൂസ് വര്‍ഗിസിന്റെ തർജ്ജമ പ്രസിദ്ധീകരിച്ചു. (ഈ പരിഭാഷയുടെ ഇന്റര്‍ആക്ടിവ് സി.ഡി.യും ലഭ്യമാണ്.) 2019-ൽ ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം എന്ന നൂതന പരിഭാഷ പ്രസിദ്ധീകരിക്കപ്പെട്ടു. 2021-ല്‍ ബിബ്ലിക്ക മലയാള ബൈബിള്‍ - സമകാലിക മലയാള വിവർത്തനം എന്ന പേരിൽ പരിഷ്കരിച്ച തർജ്ജിമ പ്രസിദ്ധീകരിച്ചു.
2004 ഓഗസ്റ്റ് 14നു സത്യവേദ പുസ്തകത്തിന്റെ പൂർണ്ണ ഡിജിറ്റൽ രൂപം യൂണികോഡില് ഇന്റർനെറ്റിൽ ആദ്യമായി നിഷാദ് കൈപ്പള്ളി പ്രസിദ്ധീകരിച്ചു. മലയാളത്തിലെ ആദ്യത്തെ യൂണിക്കോഡ് ഗ്രന്ഥവും നിഷാദ് കൈപ്പള്ളി എന്‍കോഡ് ചെയ്ത “സത്യവേദപുസ്തകം” തന്നെയാണ്. ബൈബിള്‍ വിക്കിസോര്‍സിലാക്കുന്ന പണിയും കൈപ്പള്ളി തന്നെ തുടങ്ങി വെച്ചെങ്കിലും പല വിധ കാരണങ്ങളാല്‍ അതു മുന്നോട്ട് നീങ്ങിയില്ല. തുടര്‍ന്ന് പ്രമുഖ മലയാളം ബ്ലോഗ്ഗര്മാരായ ഷിജു അലക്സും, തമനുവും (പ്രമോദ് ജേക്കബ്) 2007 ജൂലൈ 15നു ബൈബിള്‍ വിക്കിസോര്‍സിലാക്കുന്ന പ്രൊജക്ട് തുടങ്ങി. 2007 ഓഗസ്റ്റ് 10നു മലയാളത്തിലെ ആദ്യത്തെ യൂണിക്കോഡ് ഗ്രന്ഥം, മലയാളം വിക്കിസോര്‍സിലേക്കു ചേര്‍ക്കപ്പെടുന്ന ആദ്യത്തെ ഗ്രന്ഥവും ആയി.
2008-ൽ ലൈറ്റ്ഹൌസ് ബൈബിള്‍, വേർസ് വ്യൂ എന്ന ബൈബിൾ സോഫ്റ്റ്വെയറുകൾ പ്രസിദ്ധീകരിക്കപ്പെട്ടു. (2012-ൽ വേർസ് വ്യൂ ബൈബിൾ ആപ്പ് പുറത്തിറങ്ങി.) 2011–ല്‍ ശ്രീ. ജീസ്മോന് ജേക്കബ് ഗൂഗിൾ പ്ലേ സ്റ്റോറിൽ പ്രസിദ്ധീകരിച്ച മലയാളം ബൈബിൾ ആപ്പാണ് നിലവിൽ ഏറ്റവും അധികം ഡൗൺലോഡുകൾ ഉള്ള മലയാളം ബൈബിൾ ആപ്പ്. 2014 –ല്‍ ‘ദൈവത്തിന്റെ സ്വന്തം ഭാഷ' (GodsOwnLanguage.com) വെബ്സൈറ്റ് മലയാളം ബൈബിളിന്റെ ആൻഡ്രോയിഡ്, iOS, Mac OS, വിൻഡോസ് ഡെസ്ക്ടോപ്പ് എന്നിവയ്ക്ക് വേണ്ടിയുള്ള ആപ്പുകൾ പ്രസിദ്ധീകരിച്ചു.
References : വിക്കിപീഡിയ, നിഷാദ് കൈപ്പള്ളി, ഷിജു അലക്സ്.